കോഴിക്കോട് : നഗരത്തിൽ വിവിധ ഗതാഗത നിയമലംഘനങ്ങൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നിയമനടപടി തുടരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ വിവിധ വാഹനങ്ങളിൽനിന്നായി മൊത്തം 76,000 രൂപ പിഴയീടാക്കി. തൊണ്ടയാട്, മാനാഞ്ചിറ, ബേപ്പൂർ തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ ബുധനാഴ്ച വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 13 ബസുകളും ഉൾപ്പെടുന്നു. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രണ്ട് ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. റോഡിൽ നിയമലംഘനംനടത്തി നിർത്തിയിട്ട നാല് ബസുകൾക്കെതിരേയും ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തിയ നാല് ബസ്സുകൾക്കെതിരേയും നടപടി സ്വീകരിച്ചു. എയർഹോൺ ഉപയോഗിച്ച അഞ്ചു ബസുകൾക്കെതിരേയും നടപടിയുണ്ടായതായി എംവിഡി അധികൃതർ അറിയിച്ചു. ബസുകളുൾപ്പെടെയുള്ള എല്ലാവാഹനങ്ങളുടെയും നിയമലംഘനങ്ങൾക്കെതിരേ വരും ദിവസങ്ങളിലും തുടർനടപടികളുണ്ടാകുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ സി.വി.എം. ഷെരീഫ് വ്യക്തമാക്കി.