കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാൻ്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി നൽകി കോഴിക്കോട് ജില്ലാ ഭരണകൂടം. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം.
പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കണമെന്നുമാണ് നിർദേശം. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഫെസിലേറ്റേഷന്‍ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്. ചില പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസംയം ആക്രമണകേസിൽ ഇന്ന് ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി. കൂടത്തായ് കരിംങ്ങാംപൊയിൽ കെ പി നിയാസ് അഹമ്മദാണ് പിടിയിലായത്. ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 14 ആയി.
താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ തീരുമാനമായിരുന്നു. കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. മാലിന്യ സംസ്കരണ പ്ലാന്റ് തത്കാലം തുറക്കില്ല എന്നും തീരുമാനിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകിയിരുന്നു