കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 1.17 കോടി രൂപ മുതൽ മുടക്കിൽ ഗ്രാമസഭ അടക്കമുള്ള വിവിധങ്ങളായ മീറ്റിംഗുകൾ സംഘടിപ്പിക്കുവാൻ വേണ്ടി ഗ്രാമപഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് മുകളിലായി ലിഫ്റ്റ് സൗകര്യങ്ങളോടുകൂടി 400 പേർക്ക് ഇരിക്കാൻ സൗകര്യം ഉള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയം നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും ഡെസ്റ്റിനേഷൻ ചാലഞ്ചിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപ ധനസഹായത്തോടുകൂടി, രണ്ടു കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പതങ്കയം തൂക്കുപാലത്തിന്റെയും 'ടേക്ക് എ ബ്ലേക്ക്' കംഫർട്ട് സ്റ്റേഷൻ്റെ പ്രവർത്തി ഉദ്ഘാടനവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി രാഹുൽ ഗാന്ധി എം.പിയുടെ എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപയും ഗ്രാമപഞ്ചാ യത്ത് വിഹിതമായി 10 ലക്ഷം രൂപയടക്കം 65 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മാണം പൂർത്തീകരിച്ച സിഡിഎംസി ബിൽഡിങ്ങിന്റെ ഉദ്ഘാടനവും സംയുക്തമായി വയനാട് പാർലമെൻറ് മണ്ഡലം എം.പി പ്രിയങ്ക ഗാന്ധി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു.
പ്രിയങ്കരനായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് സംവിധാനം താഴെത്തട്ടിലുള്ള ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായതിന്റെ പ്രതിഫലനം ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനം നേരിൽ കാണുമ്പോൾ വളരെയധികം സന്തോഷവും ചാരിതാർത്ഥ്യവും ജനങ്ങൾക്ക് നൽകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നതായും വികസന പ്രവർത്തനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങളുടെയും ഗുണഫലങ്ങൾ സാധാരണക്കാരിൽ നേരിട്ട് എത്തിക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് കഴിഞ്ഞുവെന്നും പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ സേവന വികസന പ്രവർത്തനങ്ങൾ പഞ്ചായത്തുകൾക്ക് മാതൃകയാണെന്നും ഇനിയും ജനങ്ങളോടൊപ്പം നിന്നുകൊണ്ട് എല്ലാ സഹായസഹകരണങ്ങളും അവർ വാഗ്ദാനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീലാ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബികാമംഗലത്ത്, ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ബുഷ്റ ഷാഫി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ,വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, കെ എം പൗലോസ്, സണ്ണി കാപ്പാട് മല, കെ എം ബഷീർ, സി ജെ ടെന്നീസൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന എന്നിവർ പ്രസംഗിച്ചു.