 
                        
                    
മുംബൈ: 2017 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ഇത്തവണത്തെ സെമിയില്‍ മധുര പ്രതികാരം ചെയ്ത് ഇന്ത്യന്‍ വനിതകള്‍. നിലവിലെ ചാംപ്യന്‍മാരായ മൈറ്റി ഓസീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ വനിതാ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ 5 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയത് 338 റണ്‍സ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് അടിച്ചെടുത്താണ് മറുപടി പറഞ്ഞത്. കന്നി ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി ഒറ്റ ജയത്തിന്റെ അകലം മാത്രം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
ഉജ്ജ്വല സെഞ്ച്വറിയുമായി കളം വാണു പുറത്താകാതെ നിന്നു പൊരുതിയ ജെമിമ റോഡ്രിഗസിന്റെ ഐതിഹാസിക ഇന്നിങ്‌സ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ വിജയത്തിനു ചാരുത നല്‍കുന്നു. 134 പന്തില്‍ 14 ഫോറുകള്‍ സഹിതം ജെമിമ 127 റണ്‍സ് കണ്ടെത്തി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു അര്‍ഹിച്ച സെഞ്ച്വറി 11 റണ്‍സ് അകലെ നഷ്ടമായി. താരം 10 ഫോറും 2 സിക്‌സും തൂക്കി 89 റണ്‍സില്‍ മടങ്ങി. ഇരുവരും ചേര്‍ന്ന 3ാം വിക്കറ്റ് കൂട്ടുകെട്ടാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 167 റണ്‍സ് ചേര്‍ത്താണ് സഖ്യം പിരിഞ്ഞത്.
17 പന്തില്‍ 3 ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത ദീപ്തി ശര്‍മ, 16 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 26 റണ്‍സ് വാരിയ റിച്ച ഘോഷ് എന്നിവരുടെ വെടിക്കെട്ടും ജയത്തില്‍ നിര്‍ണായകമായി. ഒപ്പം 8 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു അമന്‍ജോത് കൗറും സ്‌കോറിലേക്ക് സംഭാവന നല്‍കി.
പ്രതിക റാവലിനു പകരം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഷഫാലി വര്‍മയ്ക്കു തിളങ്ങാനായില്ല. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ താരത്തെ നഷ്ടമായി. ഷഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. താരം 10 റണ്‍സ് മാത്രമാണ് എടുത്തത്. സ്‌കോര്‍ 59ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. സ്മൃതി മന്ധാന 24 പന്തില്‍ 24 റണ്‍സുമായി മടങ്ങി.