 
                        
                    
ബെംഗളൂരുവില്‍ ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും ഭാര്യയുമാണ് പൊലീസിൻ്റെ പിടിയിലായത്. ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം. കെമ്പട്ടള്ളി സ്വദേശിയായ ദർശനെയാണ് കാറിടിച്ചു കൊലപ്പെടുത്തിയത്. ആദ്യം സ്വാഭാവിക മരണമെന്ന് കരുതിയ പൊലീസ് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. പിന്നാലെ മലയാളിയായ മനോജ് കുമാറും (32) ജമ്മുകശ്മീർ സ്വദേശി ഭാര്യ ആരതിശർമ (30) എന്നിവര്‍ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അഞ്ചു വർഷം മുൻപാണ് മനോജും ആരതിയും തമ്മില്‍ വിവാഹിതരാകുന്നത്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.
സംഭവ ദിവസം രാത്രി ദർശൻ്റെ സ്കൂട്ടർ ദമ്പതികളുടെ കാറിലിടിച്ചിരുന്നു. തുടർന്ന് കാറിൻ്റെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ദമ്പതികളോട് മാപ്പും പറഞ്ഞ് യുവാവ് കടന്നുപോയി. പിന്നാലെ ഫുഡ് ഡെലിവെറി ചെയ്യാൻ പോവുകയായിരുന്ന ദർശനെ പിന്നാലെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശൻ്റെ ജീവൻ രക്ഷിക്കാനായില്ല. ദർശൻ്റെ സഹോദരിയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശൻ്റേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.