 
                        
                    
കൊച്ചി: കൊച്ചിയില്‍ വന്‍ സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ പിടിയിലായത് വിദ്യാര്‍ഥികളടങ്ങുന്ന തട്ടിപ്പ് സംഘം. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെയാണ് തട്ടിപ്പ് സംഘം പിടിയിലായത്. പിടിയിലായത് അഭിഷേക് വിജു, ഹാഫിസ്, അല്‍ത്താഫ് എന്നിവരാണ്. അഭിഷേകും ഹാഫിസും തൃക്കാക്കരയിലെ കോളജ് വിദ്യാര്‍ഥികളാണ്. ഇവരുടെ അക്കൗണ്ടില്‍നിന്ന് ഇന്നലെ പിന്‍വലിച്ചത് 6 ലക്ഷം രൂപയാണ്. പലതട്ടിപ്പുകളുടെയും പണം എത്തിയത് ഈ അക്കൗണ്ടുകളിലാണ്.
പോക്കറ്റ് മണിക്കായി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘത്തിന് വാടകയ്ക്ക് നൽകിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്. കേസിൽ പിടിയിലായ 21 വയസ്സുള്ള മൂന്ന് പേർ കഴിഞ്ഞ രണ്ട് വർഷമായി തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ് കണ്ടെത്തി. 50,000 രൂപ അക്കൗണ്ടിലെത്തുമ്പോൾ 5000 രൂപ കമ്മീഷൻ എന്ന വ്യവസ്ഥയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്.
അക്കൗണ്ടുകൾ വലിയ സംഘടിത സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാർത്ഥികൾ അറിഞ്ഞിരുന്നില്ല എന്ന് കമ്മീഷണർ വ്യക്തമാക്കി. ഗെയിമിങ് ആപ്പുകൾ വഴിയുള്ള പണമിടപാടുകൾക്ക് പരിധി കഴിഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ച് കമ്മീഷൻ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘം വിദ്യാർത്ഥികളിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയിരുന്നത്.