 
                        
                    
കൊല്ലം: കോടതിയിൽ ഹാജരാക്കിയ പ്രതി കടന്ന് കളഞ്ഞു. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. കൊട്ടാരക്കര കോടതിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്. വിചാരണയ്ക്ക് ഹാജരാക്കിയ പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോകുകയായിരുന്നു. പൊലീസ് പിന്തുടർന്നെങ്കിലും പ്രതി രക്ഷപ്പെട്ടു.
2022ലെ പോക്സോ കേസിലെ പ്രതിയാണ് ഇയാൾ. അബിൻ ദേവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്. വിചാരണ നടക്കുന്നതിനാൽ കോടതിയിൽ ഹാജരായതായിരുന്നു. പ്രതി ഓടിപ്പോകാനുണ്ടായ കാരണം വ്യക്തമല്ല. ജാമ്യത്തിൽ കഴിയുന്നതിനാൽ കോടതിയിൽ നിന്ന് ഓടിപോകേണ്ട കാര്യം ഇല്ലെന്ന് പൊലീസും പ്രതികരിച്ചു. പ്രതി നാട് വിട്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.