 
                        
                    
താമരശ്ശേരി: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും ഇന്ന് തുറന്നിരുന്നില്ല.
ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാല്‍ പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. അതേ സമയം ഫാക്ടറി തുറക്കുകയാണെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. മലിനീകരണ നിയന്ത്രണബോര്‍ഡിന്‍റേയും, ശുചിത്വ മിഷന്‍റേയും റിപ്പോര്‍ട്ടിന്‍റെയും അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള നടപടി കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്‍റ് ഉടമകള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നത് വരെ തുറക്കുന്നില്ല എന്ന നിലപാടാണ് നിലവില്‍ ഉടമകൾ സ്വീകരിച്ചിരിക്കുന്നത്.
അതിനിടെ, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലീസിന്‍റെ ഉറപ്പ് നല്‍കി. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർക്കുകയും ചെയ്തു. ഫ്രഷ് കട്ടിന്‍റെ പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുംജില്ലാ കളക്ടർക്ക് നൽകിയിരിക്കുന്നത്