കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ 46 കാരന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 11 വര്‍ഷത്തെ തടവും 100000 രൂപ പിഴയുമടക്കാനാണ് വിധി. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈ മാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടര്‍നാട് എസ്എച്ച് ഓ ആയിരുന്ന ബിജു ആന്റണിയാണ് കേസില്‍ ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് എച്ച് ഒ ആയി വന്ന പി.ജി രാംജിത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.