ബാലുശ്ശേരി: ബാലുശ്ശേരിയിൽ എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് പിടിയിൽ. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ജവാദ് (38) ആണ് പോലീസിന്റെ പിടിയിലായത്. ഏകദേശം മൂന്ന് ലക്ഷത്തോളം വില വരുന്ന 76 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു.
ജില്ലയിലെ തന്നെ ലഹരിമരുന്ന് വില്പന ശൃംഖലയിലെ പ്രധാന കണ്ണിയായ ഇയാൾക്കെതിരെ പേരാമ്പ്ര, പയ്യോളി, ബാലുശ്ശേരി എന്നീ സ്റ്റേഷനുകളിൽ എംഡിഎംഎ കേസും എസ്ഡി സ്റ്റാമ്പ് കൈവശം വെച്ചതിന് അത്തോളിയിലും കേസുള്ളതായി പോലീസ് പറഞ്ഞു. എംഡിഎംഎ വില്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാൾ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. ഉപയോക്താക്കൾക്ക് ലൊക്കേഷനിൽ എത്തിച്ചു നൽകിയായിരുന്നു ഇയാൾ ലഹരി വില്പന ചെയ്തിരുന്നത്. നിരന്തരം വാടക വീടുകൾ മാറുന്നതിനാലും വാഹനങ്ങൾ മാറ്റി ഉപയോഗിക്കുന്നതിനാലും പോലീസിന് ഇയാളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു.
റൂറൽ എസ്പി കെ.ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എം.പിയുടെ മേൽനോട്ടത്തിൽ ബാലുശ്ശേരി സബ്.ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, എസ്സിപിഒ ഷമീർ ഇ.കെ, സുരേഷ്, ഹോം ഗാർഡ് ശങ്കരൻ, ജില്ലാ നാർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ സദാനന്ദൻ, എസ്‌സിപിഒ ഷാഫി എൻ.എം, സിഞ്ചുദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും പ്രതിയെ കോടതിയിൽ ഹാജറാക്കുമെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു