ന്യൂഡല്‍ഹി: ആധാര്‍ പുതുക്കല്‍ വേഗത്തിലും ലളിതവുമാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പേര്, വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി പരിഷ്‌കരിക്കാന്‍ കഴിയും.
ആധാര്‍ സേവാ കേന്ദ്രങ്ങളിലേക്ക് നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും സമയമെടുക്കുന്ന പേപ്പര്‍വര്‍ക്കുകള്‍ അവസാനിപ്പിക്കുന്നതിനുമാണ് നവീകരിച്ച ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് രേഖകള്‍ പോലുള്ള ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ വഴി വിവരങ്ങള്‍ സ്വയമേവ പരിശോധിക്കും.
വിരലടയാളങ്ങള്‍, ഐറിസ് സ്‌കാനുകള്‍ അല്ലെങ്കില്‍ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടെയുള്ള ബയോമെട്രിക് അപ്ഡേറ്റുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷനായി അംഗീകൃത ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ട്. 2025 നവംബര്‍ 1 മുതല്‍ ആധാര്‍-പാന്‍ ലിങ്കിംഗ് നിര്‍ബന്ധമാണ്. അല്ലാത്ത പക്ഷം 2026 ജനുവരി 1 മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുന്നതിനു കാരണമാകും. പുതിയ പാന്‍ കാര്‍ഡ് അപേക്ഷകര്‍ക്ക് ഈ പ്രക്രിയയുടെ ഭാഗമായി ആധാര്‍ പരിശോധനയും ആവശ്യമാണ്.
പുതുക്കിയ ഫീസ് ഘടന
പേര്, വിലാസം അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് 75 രൂപ
വിരലടയാളം, ഐറിസ് സ്‌കാന്‍, ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന് 125 രൂപ
5 മുതല്‍ 7 വയസ്സ് വരെയും 15 മുതല്‍ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ ബയോമെട്രിക് അപ്‌ഡേറ്റുകള്‍
2026 ജൂണ്‍ 14 വരെ സൗജന്യ ഓണ്‍ലൈന്‍ ഡോക്യുമെന്റ് അപ്‌ഡേറ്റുകള്‍, ഇതിനുശേഷം ഒരു എന്റോള്‍മെന്റ് സെന്ററില്‍ 75 രൂപ ചിലവാകും
ആധാര്‍ റീപ്രിന്റിന് 40 രൂപ
ഹോം എന്റോള്‍മെന്റ് സേവനം: ആദ്യ വ്യക്തിക്ക് 700 രൂപയും അതേ വിലാസത്തിലുള്ള ഓരോ അധിക വ്യക്തിക്കും 350 രൂപയും