കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ എത്തുന്ന വോട്ടര്‍മാര്‍ക്ക് കുടിവെള്ളം അടക്കം വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് ഹൈക്കോടതി. ക്യൂ നില്‍ക്കേണ്ടി വരുന്ന വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം. ആവശ്യക്കാര്‍ക്കു കുടിക്കാന്‍ വെള്ളം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ബൂത്തിലെത്തുന്നതിനു മുന്‍പ് തിരക്കുണ്ടോയെന്നറിയാന്‍ മൊബൈല്‍ ആപ്പ് തയാറാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. ബൂത്തുകളേറെയും സ്‌കൂളിലായതിനാല്‍ ക്യൂ നില്‍ക്കുന്നവര്‍ക്കായി ബെഞ്ചും കസേരയുമൊക്കെ ലഭ്യമാക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയുള്ള പോളിങ് സമയത്തില്‍ ആകെ 660 മിനിറ്റാണുള്ളത്. ഒരു ബൂത്തിലെ 1200 വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തിയാല്‍ ഒരാള്‍ക്ക് 30-40 സെക്കന്‍ഡ് മാത്രമേ ലഭിക്കൂ. ഈ സമയ പരിധിക്കുള്ളില്‍ വോട്ടു ചെയ്യുന്നത് അസാധ്യമാണെന്നും കോടതി പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യാനെത്തില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധാരണ സ്വീകാര്യമല്ല. പോളിങ് ബൂത്തിലെത്തിയതിനുശേഷം നീണ്ട ക്യൂ കണ്ട് വോട്ട് രേഖപ്പെടുത്താതെ മടങ്ങുന്നത് ജനാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയില്‍ യഥാക്രമം 1200/1500 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചത് പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് വൈകുമെന്നതിനാല്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നില്ല. എന്നാല്‍ വരും തെരഞ്ഞെടുപ്പുകളില്‍ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാന്‍ മതിയായ സമയം ഉറപ്പാക്കും വിധം ബൂത്തുകള്‍ ക്രമീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വൈക്കം സ്വദേശി എന്‍ എം താഹ, തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് വി വി ബാലചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്