വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് മദ്യപാനി തള്ളിയിട്ട് ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. അതേസമയം, പെൺകുട്ടി ഐ സി യുവിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവം ഉള്ളതായാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് പെൺകുട്ടി. അതേസമയം, പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. തമ്പാനൂര്‍ റെയില്‍വേ പൊലീസ് ആണ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആരോഗ്യ നില തൃപ്തികരമെന്ന് ആര്‍ പി എഫ് ഉദ്യേഗസ്ഥര്‍ ഇന്ന് പുലർച്ചെ അറിയിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ ഇല്ല. അതേസമയം, നിരീക്ഷണത്തിലായിരിക്കും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ പിടിയിലായി.
പ്രതിയെ കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ യാത്രക്കാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കില്‍ നിന്നാണ് റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തിയത്. തനിക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി എന്നും സഹയാത്രിക പറഞ്ഞു. പ്രതി മദ്യപിച്ചാണ് കമ്പാര്‍ട്‌മെന്റില്‍ കയറിയതെന്ന് സഹയാത്രിക പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായത്
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു,
പ്രതിക്കെതിരെ വധശ്രമത്തിന് കേസ്