തിരുവനന്തപുരം:ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടെന്ന കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാര്‍. ട്രെയിനിന്റെ വാതില്‍ക്കല്‍ നിന്നും പെണ്‍കുട്ടി മാറിയില്ല. ഇതിന്റെ ദേഷ്യത്തില്‍ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷ് പൊലീസിനോട് പറഞ്ഞത്. പിന്നില്‍ നിന്നുമാണ് ചവിട്ടിയത്. ഒറ്റക്കാണ് യാത്ര ചെയ്തിരുന്നതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കി. കോട്ടയത്തു നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിട്ടുള്ളത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
മദ്യപിച്ചാണ് സുരേഷ് കുമാര്‍ ട്രെയിനില്‍ കയറിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സുഹൃത്ത് ശുചിമുറിയില്‍ കയറിയപ്പോഴാണ് പരിക്കേറ്റ പെണ്‍കുട്ടി ട്രെയിനിന്റെ വാതില്‍ക്കലേക്ക് വരുന്നത്. വാതില്‍ക്കല്‍ ഭാഗത്തു നിന്നിരുന്ന പ്രതി പെണ്‍കുട്ടിയെ ചവിട്ടു പുറത്തേക്ക് ഇടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രെയിനിലെ സഹയാത്രക്കാരാണ് പ്രതിയെ പിടികൂടി കൊച്ചുവേളി സ്റ്റേഷനില്‍ വെച്ച് പൊലീസിന് കൈമാറുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി
പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷ് കുമാറിനെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്. ഇതൊക്കെ ചുമ്മാ നമ്പരാണെന്നും പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും പ്രതി പൊലീസ് പിടികൂടിയപ്പോൾ പറഞ്ഞിരുന്നത്. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഓ എവിടെ' എന്നായിരുന്നു മറുപടി. താനല്ല പെൺകുട്ടിയെ ആക്രമിച്ചത്, ഒരു ബംഗാളിയാണ്. താൻ കണ്ടുകൊണ്ടു നിന്നതാണെന്നും ഇയാൾ പറയുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ തലയ്ക്കാണ് സാരമായ പരിക്കേറ്റിട്ടുള്ളത്.