കണ്ണൂര്‍:കര്‍ണാടകയില്‍നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍ പയ്യാമ്പലത്ത് കടലില്‍ മുങ്ങിമരിച്ചു. ഹാസന്‍ ഹൊളെ നര്‍സിപ്പുരിലെ തന്‍വീര്‍ അഹമ്മദിന്റെ മകന്‍ അഫ്‌നാന്‍ അഹമ്മദ് (26), ഹൈദരാബാദിലെ മുഹമ്മദ് നയിമുദ്ദീന്റെ മകന്‍ മുഹമ്മദ് റഹാനുദ്ദീന്‍ (26), ചിത്രദുര്‍ഗയിലെ മുഹമ്മദ് അന്‍വറിന്റെ മകന്‍ മുഹമ്മദ് അഫ്റോസ് (25) എന്നിവരാണ് മരിച്ചത്.
ബെംഗളൂരു ലാല്‍ബാഗ് അല്‍ അമീന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ഥികളാണ് മൂവരും. കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഇവര്‍. മുഹമ്മദ് റഹാനുദ്ദീന്റെ പിറന്നാള്‍ദിനമായിരുന്നു ശനിയാഴ്ച.
ഞായറാഴ്ച രാവിലെ 11-ഓടെ കടലില്‍ കുളിക്കുന്നതിനായി കഴുത്തോളം വെള്ളത്തിലിറങ്ങിയ രണ്ടുപേര്‍ തിരയില്‍ പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്നാമനും കടലില്‍ കുടുങ്ങിയത്.
സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് എന്ന നിലയില്‍ പ്രശസ്തമാകുമ്പോഴും കണ്ണീരുണങ്ങാതെ പയ്യാമ്പലം. ചരിത്രമുറങ്ങുന്ന പഞ്ചാരമണല്‍ത്തീരത്തിന്റെ സൗന്ദര്യം നുകരാന്‍ വിദേശത്തുനിന്നുപോലും സഞ്ചാരികള്‍ എത്തുന്നുണ്ട്. കടലില്‍ കുളിച്ച് പരിചയമില്ലാത്തവരാണ് അപകടത്തില്‍ പെടുന്നവരില്‍ അധികവും. കുളത്തിലോ പുഴയിലോ നീന്തിക്കുളിച്ച പരിചയവുമായി പയ്യാമ്പലം പോലെ ശക്തമായ തിരയുള്ള കടലില്‍ ഇറങ്ങുന്നത് അപകടമാണ്. കടലിന്റെ കരുത്ത് തിരിച്ചറിയാതെ തിരയുടെ ലാളനയില്‍ മുന്നറിയിപ്പുകള്‍ മറക്കുന്നവര്‍ക്ക് പലപ്പോഴും ഇതിന് വിലയായി നല്‍കേണ്ടിവരുന്നത് സ്വന്തം ജീവന്‍ തന്നെയാണ്.
കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിടെ മരിച്ച വിദ്യാർഥിയുടെ മൃതദേഹം മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് കരയ്ക്കെത്തിക്കുന്നു| ഫോട്ടോ വിഷ്ണുപ്രസാദ്
ഞായറാഴ്ച മുങ്ങിമരിച്ച വിദ്യാര്‍ഥികളില്‍ മൂന്നുപേരും കണ്ണൂരും കടലും മുന്‍ പരിചയമില്ലാത്തവരാണ്. നിത്യവും അയ്യായിരത്തിലധികം ആളുകള്‍ പയ്യാമ്പലത്ത് എത്തുന്നുണ്ട്. അവധി ദിവസങ്ങളില്‍ അത് പതിനായിരത്തിലധികമാകും.
തിരയും തീരവും കണ്ട് ആസ്വദിച്ച് പോകുന്നവരാണ് പലരും. എന്നാല്‍ ചിലര്‍ യാത്രയുടെ ആവേശത്തില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങും. സുരക്ഷിതമല്ലാത്ത രീതിയില്‍ കടലില്‍ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കുമെന്നുറപ്പ്. ജൂണ്‍ രണ്ടിന് കാലവര്‍ഷം കനത്ത് പെയ്യുന്ന നാളില്‍ മീന്‍കുന്നില്‍ രണ്ട് യുവാക്കള്‍ കടലില്‍ പെട്ടിരുന്നു. 2024 ജനുവരി ഏഴിനും കള്ളക്കടപ്പുറത്ത് യുവാവ് മുങ്ങിമരിച്ചിരുന്നു.
ഗള്‍ഫ് നാടുകളിലേത് പോലെ കടലില്‍ ഇറങ്ങിക്കുളിക്കാവുന്ന ഒരു ബീച്ചും ജില്ലയിലില്ലെന്ന് പയ്യാമ്പലത്തെ ലൈഫ് ഗാര്‍ഡ് ചാള്‍സണ്‍ ഏഴിമല പറയുന്നു. മൂന്ന് മിനിറ്റിലധികം മുങ്ങിയാല്‍ ജീവന്‍ തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇവിടെ കടലില്‍ ഏതാണ്ട് 15 മീറ്റര്‍ മാത്രമേ ആഴം കുറഞ്ഞ പ്രദേശമുള്ളൂ. നവംബര്‍ പകുതിമുതല്‍ മാര്‍ച്ച് വരെയുള്ള കാലത്തേ അതും ലഭ്യമാവൂ.
മുതിര്‍ന്നവര്‍ക്കൊപ്പമല്ലാതെ കുളത്തിലോ പുഴയിലോ കടലിലോ കുളിക്കാനിറങ്ങരുതെന്ന് കുഞ്ഞുനാളിലേ കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കണം. അഞ്ചുവയസ്സാകുന്നതോടെ നീന്തല്‍ ശാസ്ത്രീയമായി പഠിപ്പിക്കുകയും വേണം.