പേരാമ്പ്ര: പേരാമ്പ്ര ജൂബിലി റോഡിലെ പ്രിയ ജ്വല്ലറിയിൽ പഴയ സ്വർണാഭരണം ഉരുക്കുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. തീ ആളിക്കത്തിയത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയെങ്കിലും , ജൂബിലി റോഡ് കൂട്ടായ്മ പ്രസിഡണ്ട് വിനു ചെറുവോട്ടിന്റെയും സൂര്യ ബാബുവിന്റെയും ധീരമായ ഇടപെടലും ഫയർഫോഴ്‌സിന്റെ സമയോചിത നടപടിയും കാരണം വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. ഇന്ന് ഉച്ചയോടടുത്തായിരുന്നു സംഭവം.
ജ്വല്ലറി വരാന്തയിൽ പഴയ സ്വർണം ഉരുക്കുന്ന ജോലി നടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്നത്. നിമിഷനേരം കൊണ്ട് തീ ആളിക്കത്തി, ജ്വല്ലറിക്കുള്ളിലും പരിസരത്തും വലിയ ആശങ്ക ഉണ്ടാക്കി. തീ പടർന്ന ഗ്യാസ് സിലിണ്ടർ ജ്വല്ലറിയിൽ നിന്ന് റോഡിലേക്ക് തെന്നി നീങ്ങി.
റോഡിലൂടെ നീങ്ങിയ സിലിണ്ടർ ഇതുവഴി പോവുകയായിരുന്ന വാഹനങ്ങൾക്ക് ഭീഷണി ആയിക്കൊണ്ടിരിക്കവേ വിനു ചെറുവോട്ടും സൂര്യ ബാബുവും ജീവൻ പണയപ്പെടുത്തിക്കൊണ്ട് തീ ആളിക്കത്തുന്ന സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇരുവരുടെയും അവസരോചിതവുമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായകമായത്.
സംഭവത്തെ തുടർന്ന് പരിസരത്തെ കടകളെല്ലാം അടച്ചിട്ടു. തീ പടർന്ന ഉടൻ തന്നെ പേരാമ്പ്ര ഫയർഫോഴ്‌സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
യുവാക്കളുടെ അവസരോചിതമായ ഇടപെടലും തൊട്ടടുത്തുള്ള വ്യാപാരികളും പരിസരവാസികളും നൽകിയ സഹായവും ഫയർഫോഴ്‌സിന്റെ കൃത്യ സമയത്തുള്ള നടപടിയും കാരണം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.