മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. പിഴതുക അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2019 ലാണ് കേസിനാസ്പദമായ സംഭവം. 2019 മുതല്‍ 2021 വരെ രണ്ട് വര്‍ഷം കുട്ടി പീഡനത്തിരയായി. പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ സ്വന്തം അച്ഛന്റെ പിതാവ് കുട്ടിയെ കാണാനെത്തിയപ്പോഴാണ് ക്രൂരപീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ കാണാന്‍ അമ്മ സമ്മതിക്കാത്തതിനെതുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ ഇടപെടുകയുമായിരുന്നു. കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ മുത്തശ്ശന്‍ പൊലിസില്‍ പരാതിപ്പെടുകയുമായിരുന്നു. കുട്ടിയെ കൗണ്‍സിലിങിന് വിധേയമായതോടെയാണ് രണ്ടുവര്‍ഷത്തെ പീഡനം പുറത്തറിഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്‌നതപ്രദര്‍ശിപ്പിച്ചു, മദ്യം നല്‍കി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതോടെയാണ് പ്രതികളായ അമ്മയ്ക്കും രണ്ടാനച്ഛനും കോടതി കഠിനശിക്ഷ വിധിച്ചത്.