കൊടുവള്ളി:കൊടുവള്ളി ഉപജില്ലാ കലോത്സവത്തിന് വരുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബ്. കോഴിക്കോട് കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിക്കരികിലാണ് പരസ്യ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷുഹൈബിൻ്റെ ഫോട്ടോയോടു കൂടിയതാണ് പരസ്യ ബോർഡുകൾ. കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ കവാടത്തിൻ്റെ ഇരുവശങ്ങളിലുമാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ചത് അനുമതിയില്ലാതെയെന്ന് കൊടുവള്ളി നഗരസഭ പ്രതികരിച്ചു.
എംഎസ് സൊലൂഷൻസിൻ്റെ ഉടമയായ മുഹമ്മദ് ഷുഹൈബ്, തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യപേപ്പറിലെ സമാന ചോദ്യങ്ങള്‍ ചോര്‍ത്തിയത്. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നിവയുടെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പറുകളാണ് ചോർന്നത്.തൻ്റെ യൂട്യൂബ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയില്‍ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങള്‍ എന്നുള്ള രീതിയിലായിരുന്നു നല്‍കിയത്. പരീക്ഷക്കും അതേ ചോദ്യങ്ങള്‍ വന്നപ്പോഴാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് അറിയുന്നത്. സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്.