കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര സ്വദേശി അഡ്വ. പി.കെ.പ്രവീണ (38) ആണ് അറസ്റ്റിലായത്. 2023 ജനുവരിയിലാണ് പ്രതി മാവൂർ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്.
കസ്റ്റംസ് പാനൽ അഭിഭാഷകയെന്നാണ് പ്രവീണ പരിചയപ്പെടുത്തിയത്.കസ്റ്റംസ് പരിശോധനയിൽ പിടികൂടുന്ന സ്വർണം ഏറ്റെടുക്കുന്നതിനു പണം നൽകിയാൽ കൂടിയ കമ്മിഷൻ ലഭിക്കുമെന്നു യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്നു യുവതി വീട്ടിലുണ്ടായിരുന്ന സ്വർണം പ്രതിയുടെയും സുഹൃത്തുക്കളുടെയും പേരിൽ നഗരത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പല ദിവസങ്ങളിലായി പ്രതിക്ക് 56.50 ലക്ഷത്തോളം രൂപ നൽകുകയായിരുന്നു. എന്നാൽ പണവും സ്വർണവും ലഭിക്കാതായതോടെ യുവതി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു. എറണാകുളം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ താമസിക്കുന്ന ഇവരെ അവിടെ നിന്നാണ് പിടികൂടിയത്.