കോഴിക്കോട്: കാർ വാടകയ്ക്കെടുത്ത് നഗരത്തിലെത്തി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക്(35)നെ സിറ്റി ക്രൈം സ്‌ക്വാഡും, ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. കഴിഞ്ഞ മാസം കോവൂർ ഫ്ലാറ്റിൽ മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷണം നടത്തിയ കേസ് അന്വേഷണത്തിനിടയിലാണ് പ്രതി അറസ്റ്റിലായത്. വിനോദസഞ്ചാര വിവരങ്ങൾ
സിസിടിവി പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇതിനിടെ, മോഷ്ടിച്ച ലാപ്ടോപ്പും ടാബും വിൽപ്പന നടത്തി പ്രതി ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം പ്രതി ചെന്നൈയിൽ നിന്നു കാർ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ നിന്നു മോഷ്ടിച്ച ഫോണും പാലക്കാട് കൊപ്പത്തു നിന്നു മോഷ്ടിച്ച ഐഫോണും മറ്റൊരു ഫോണും നഗരത്തിൽ വിൽപ്പന നടത്താൻ വരികയായിരുന്നു. വിവരം ലഭിച്ചതോടെ പോലീസ് പിന്തുടർന്ന് പ്രതിയെ പിടികൂടി.
പ്രതിയിൽ നിന്നു മോഷ്ടിച്ച ഫോണുകൾ കണ്ടെത്തി. രണ്ടു മാസം മുമ്പ് ഫറോക്കിൽ നിന്നു ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ ജയിലിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ കളവ് നടത്തി. ഇയാൾക്കെതിരെ മുക്കം, കാക്കൂർ സ്റ്റേഷനുകളിൽ പോക്സോ കേസുകളും ഫറോക്ക്, പന്നിയങ്കര സ്റ്റേഷനുകളിൽ മോഷണത്തിനും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
അന്വേഷണത്തിൽ എസ്ഐ ഇ.കെ ഷാജി, സബ് ഇൻസ്പെക്ടർ ഫിറോസ് പുൽപറമ്പിൽ, ക്രൈം സ്ക്വാഡ് എഎസ്ഐ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം സൈബർ സെൽ എൻ.ലിനിത്ത് എന്നിവരും പങ്കെടുത്തു.