പേരാമ്പ്ര : സ്കൂൾമൈതാനത്ത് കളിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുനേരേ കാർ ഓടിച്ചുകയറ്റി സാഹസിക അഭ്യാസപ്രകടനം. കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് അപായകരമായ രീതിയിൽ കാർ ഓടിച്ചത്. ഭാഗ്യംകൊണ്ടാണ് അപകടംപറ്റാതെ കുട്ടികൾ രക്ഷപ്പെട്ടത്.
ബുധനാഴ്ച രാവിലെ 10.45-ഓടെയാണ് സംഭവം. സ്കൂൾ പ്രിൻസിപ്പൽ പരാതിയറിയിച്ചതിനുപിന്നാലെ പേരാമ്പ്ര പോലീസും മോട്ടോർവാഹനവകുപ്പും അന്വേഷണം തുടങ്ങി. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പേരാമ്പ്ര ജോ. ആർടിഒ ടി.എം. പ്രഗീഷ് അറിയിച്ചു.
സ്കൂളിലെ സിസിടിവിയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞതിനാൽ നമ്പർ മനസ്സിലാക്കി വാഹനയുടമയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിന് സമീപപ്രദേശത്തുതന്നെയുള്ള പൈതോത്ത് കൂമുള്ളപറമ്പിൽ മുഹമ്മദ് ഷാമിലിന്റെപേരിൽ രജിസ്റ്റർചെയ്തതാണ് വാഹനം. വടകര ആർടിഒ ഓഫീസിലേതാണ് രജിസ്‌ട്രേഷൻ.
പോലീസ് വീട്ടിൽ അന്വേഷിച്ചുപോയപ്പോൾ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കായി പോയതായിരുന്നു യുവാവ്. വാഹനം കൊണ്ടുപോയത് ആരാണെന്നറിയില്ലെന്നാണ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ യുവാവ് പോലീസിന് നൽകിയ മറുപടി. നേരിട്ട് ഓഫീസിൽ ഹാജരാകാൻ പോലീസും മോട്ടോർവാഹനവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളധികൃതർ രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതായി പേരാമ്പ്ര ഇൻസ്പെക്ടർ പി. ജംഷീദ് വ്യക്തമാക്കി.
ഹൈസ്കൂൾ വിദ്യാർഥികൾ ഫുട്‌ബോൾ പരിശീലനം നടത്തുന്നതിനിടയിലാണ് ഒരു കാർ റോഡിൽനിന്ന് സ്കൂൾമൈതാനത്തേക്ക് കുതിച്ചെത്തിയത്. അതിവേഗത്തിൽ, കുട്ടികൾ നിൽക്കുന്നതിനിടയിലേക്ക് കാർ പലതവണ ഓടിച്ചുകയറ്റി. കുട്ടികൾ ഭീതിയോടെ ഓടിമാറിയാണ് രക്ഷപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുട്ടികൾ ഗ്രൗണ്ടിൽ ചിതറിയോടുകയായിരുന്നു. പിന്നീട് മൈതാനമധ്യത്തിലെത്തി കാർ വട്ടംചുറ്റിച്ചു. വീണ്ടും ഗോൾപോസ്റ്റിന് സമീപത്ത് കൂട്ടംകൂടിനിന്ന കുട്ടികൾക്കുനേരേയും കാർ വേഗത്തിലെത്തി.
ക്ലാസ്‌മുറിയിൽ അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജീവനക്കാർ മൈതാനത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും കാർ റോഡിലേക്ക് ഓടിച്ചുപോവുകയായിരുന്നു. ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിൽ എത്രപേർ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.