കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം ഇരുപതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍. ഇന്നു മുതല്‍ രാത്രിയും ബി.എല്‍.ഒമാര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി വോട്ടര്‍മാരെ കാണും. എസ്.ഐ.ആറില്‍ കേരളാ മോഡല്‍ രാജ്യത്തിന് മുന്നില്‍ വെക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
സമഗ്രവോട്ടര്‍ പട്ടിക പരിഷ്കക്രണത്തെ കുറിച്ച് ആശങ്കകള്‍ ശക്തമാകുകയും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് 20 ദിവസത്തിനകം എസ്.ഐ.ആര്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനുള്ള ശ്രമം. വോട്ടര്‍ പട്ടികാ പരിഷ്ക്കരണം തുടങ്ങി രണ്ടു ദിവസത്തിനകം 10 ശതമാനം വോട്ടര്‍മാരെ ബി.എല്‍.ഒമാര്‍ നേരിട്ടു കണ്ടു. ഇന്നു മുതല്‍ ബി.എല്‍.ഒമാര്‍ രാത്രിയും വോട്ടര്‍മാരെ കണ്ട് , ഫോം വിതരണം ചെയ്യും. ജോലിക്കു പോകുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. നൈറ്റ് ഔട്ട് വിത്ത് ബി.എല്‍.ഒ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
രാജ്യത്തിന് മുന്നില്‍ എസ്.ഐ.ആറിന്‍റെ കേരളാ മാതൃക സൃഷ്ടിക്കും. അര്‍ഹരായ എല്ലാവരും വോട്ടര്‍ പട്ടികയിലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.