ക്വീന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 18.2 ഓവറില്‍ 119ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നര്‍മാരാണ് ഓസിസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് - മാത്യു ഷോര്‍ട്ട് (25) സഖ്യം 37 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ ഷോര്‍ട്ട് പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനൊപ്പം 30 റണ്‍സും മാര്‍ഷ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12 റണ്‍സെടത്ത ഇംഗ്ലിസിനെ ബൗള്‍ഡാക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി ഓസീസ്. ഇതോടെ ടീമിന്റെ തകര്‍ച്ചയും തുടങ്ങി. ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കേവലം 52 റണ്‍സിനിടെ ആതിഥേയര്‍ക്ക് നഷ്ടമായി. 30 റണ്‍സെടുത്ത മാര്‍ഷ് പത്താം ഓവറില്‍ മടങ്ങി.
ടിം ഡേവിഡ് (14), മാര്‍കസ് സ്‌റ്റോയിനിസ് (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (2), ബെന്‍ ഡ്വാര്‍ഷ്വിസ് (5), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (0), ആഡം സാംപ (0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നതാന്‍ എല്ലിസ് (2) പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്. അഭിഷേക് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (20), ശിവം ദുബെ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.