വയനാട്: ഉടമയെയും ഡ്രൈവറെയും മർദിച്ച് വാഹനം തട്ടികൊണ്ടുപോയ സംഭവത്തിൽ സഹായി പിടിയിൽ. പാടിച്ചിറ സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജനെയാണ് ബത്തേരി പോലീസ് പിടികൂടിയത്. വാഹനം കവർച്ച ചെയ്തു കൊണ്ടുവരുന്നതിനും പൊളിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനും വേണ്ട സഹായമാണ് ഇയാൾ ചെയ്തു നൽകിയത്.
പൊളിച്ച് ഉപേക്ഷിച്ച വാഹനത്തിന്റെ ഡാഷ് ബോർഡിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.