ന്യൂഡൽഹി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിൽ നിർണായക ഉത്തരവ്. പൊതു ഇടങ്ങളിനിന്ന് തെരുവുനായ്ക്കളെ നീക്കാൻ എല്ലാം സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്നും ഇത് പാലിക്കുന്നുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളുടെ കാര്യത്തിൽ ദിവസേനയുള്ള പരിശോധന വേണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
പിടികൂടുന്ന തെരുവുനായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധീകരിക്കണം. പിടികൂടുന്നിടത്തുതന്നെ വീണ്ടും ഇവയെ തുറന്നുവിടരുതെന്നും സുപ്രീം കോടതി പറഞ്ഞു. ഇതുകൂടാതെ നായകളും കന്നുകാലികളുമുൾപ്പെടെയുള്ളവയെ ദേശീയപാത അടക്കമുള്ള പ്രധാനപാതകളിൽനിന്ന് നീക്കംചെയ്യാനുള്ള നടപടിയും കൈക്കൊള്ളണം. ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സർക്കാരും നടപടി കൈക്കൊള്ളണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇതിന്റെയും ചുമതല ചീഫ് സെക്രട്ടറിയ്ക്ക് ആണെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
വീഴ്ച സംഭവിച്ചാൽ ഉത്തരവാദികളാകുക ഉദ്യോഗസ്ഥരായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ടുമാസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്