95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളിൽ രണ്ട് പേരെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.വൻ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ആയിരുന്നു പ്രതികൾ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പണം തട്ടിയെടുത്തത്. പെരുമ്പാവൂർ മാരമ്പള്ളി സ്വദേശികളായ മുഹമ്മദ് അസ്ലം(20) മുഹമ്മദ് അഫ്സൽ(20) എന്നിവരെയാണ് മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനായ അധ്യാപകനെ ഗോൾഡ് ട്രെയ്ഡിങ് വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. വാട്ട്സ്ആപ്പ് നമ്പർ വഴി ആണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ടത്. പരാതിക്കാരനെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും, തുടർന്ന് ഗോൾഡ് ട്രെയ്ഡിങ് നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൻ്റെ 60% നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പല തവണകളായി 95 ലക്ഷത്തോളം രൂപ ആണ് പ്രതികൾ തട്ടിയെടുത്തത്.