വിജയ്‌പൂർ: മധ്യപ്രദേശിലെ ഹൽപൂർ ഗ്രാമത്തിലെ മിഡിൽ സ്കൂളിൽ സ്കൂൾ കുട്ടികൾക്ക് പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം (എംഡിഎം) വിളമ്പുന്ന വീഡിയോയെ ചൊല്ലി വിവാദം. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിജയ്പൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്.
ഹൽപൂരിലെ പ്രൈമറി, മിഡിൽ സ്കൂളുകൾ ഒരേ കാമ്പസിലാണ് പ്രവർത്തിക്കുന്നതെന്നും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള കരാർ ജയ് സന്തോഷി മാ സ്വയം സഹായ സംഘത്തിനാണെന്നും അന്വേഷണ റിപ്പോർട്ട് വിശദീകരിക്കുന്നു. അഞ്ച് പേരാണ് ഈ പാചക സംഘത്തിലുള്ളത്. മൂന്ന് പേർ ഭക്ഷണം ഉണ്ടാക്കാനും രണ്ട് പേർ പാത്രങ്ങൾ കഴുകാനുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
സംഭവ ദിവസം രണ്ട് ജീവനക്കാരില്ലാത്തതിനാൽ പാത്രങ്ങൾ കഴുകിയില്ല. ഇതോടെയാണ് സ്‌കൂൾ ജീവനക്കാർ കടലാസിൽ ചപ്പാത്തി വിതരണം ചെയ്തത്. ഈ വീഡിയോയാണ് നവംബർ നാല് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ജയ് സന്തോഷി മാ സ്വയം സഹായ സംഘവുമായുള്ള കരാർ വിവാദത്തെ തുടർന്ന് റദ്ദാക്കി. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള ഉത്തരവാദിത്തം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്ക് കൈമാറി. സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.നിരീക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ക്ലസ്റ്റർ അക്കാദമിക് കോർഡിനേറ്ററിനും ബ്ലോക്ക് റിസോഴ്‌സ് സെന്റർ കോർഡിനേറ്ററിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്