ഫുട്ബോളിൽ ചരിത്രം കുറിച്ച് സൂപ്പർ താരം ലയണൽ മെസി. കരിയറിൽ 400 അസിസ്റ്റുകൾ എന്ന നാഴികക്കല്ലാണ് മെസി പിന്നിട്ടത്. എംഎൽഎസ് കപ്പ് പ്ലേഓഫ്‌സിന്റെ ആദ്യ റൗണ്ട് ടൈബ്രേക്കറിൽ നാഷ്‌വില്ലെ എസ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് ഇന്റർ മയാമി താരമായ മെസി ചരിത്രം കുറിച്ചത്. മത്സരത്തിൽ മെസി രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി കളംനിറഞ്ഞ് കളിച്ചിരുന്നു.
ഇതോടെയാണ് ക്ലബ്ബുകൾക്കും ദേശീയ ടീമിനും വേണ്ടി മെസി 400 അസിസ്റ്റുകൾ തികച്ചത്. ബാഴ്സലോണയ്ക്ക് വേണ്ടി 269, അർജന്റീനക്കായി 60, ഇന്റർ മയാമിക്കായി 37, പിഎസ്ജിക്ക് വേണ്ടി 34 എന്നിങ്ങനെയാണ് മെസിയുടെ അസിസ്റ്റുകൾ.
സജീവ ഫുട്ബോൾ താരങ്ങളിൽ 400 അസിസ്റ്റെന്ന മാന്ത്രിക സംഖ്യ തൊട്ട ഒരേയൊരു താരം മെസിയാണ്. 404 അസിസ്റ്റുകളുമായി ഇതിഹാസതാരം ഫെറങ്ക് പുസ്കാസ് മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. ലോക ഫുട്ബോളിലെ ഈ റെക്കോർഡിൽ ഒന്നാമതെത്താൻ മെസിക്ക് നാല് അസിസ്റ്റുകൂടി നേടിയാൽ മതി. അതേസമയം 900 കരിയർ ഗോളുകളെന്ന നാഴികക്കല്ലിലേക്കും അടുക്കുകയാണ് മെസി. ഇതുവരെ 894 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.