മലപ്പുറം: ബിസിനസ് പങ്കാളിത്തം വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത് കരുവാരക്കുണ്ട് സ്വദേശിയില്‍ നിന്ന് അരക്കോടി രൂപയോളം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കുരുവമ്പലം സ്വദേശി പുനീത്ത് സലാഹുദ്ദീനെ(36)യാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.എസ്.എ പ്രോപ്പര്‍ട്ടി സെല്ലിങ് ബിസിനസില്‍ പങ്കാളിയാക്കി വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് സലാഹുദീന്‍ ഭവനംപറമ്പ് സ്വദേശിയെ പാട്ടിലാക്കിയത്. മൊബൈല്‍ ആപ്പുകള്‍ വഴി ഫണ്ട് വായ്പയെടുത്താല്‍ മതിയെന്നും തുക മാസം തോറും താന്‍ തിരിച്ചടക്കാമെന്നും ഇയാള്‍ പരാതിക്കാരനെ വിശ്വസിപ്പിച്ചു. ഇതുവഴി 64.49 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്.
പരാതിക്കാരനെ വിശ്വസിപ്പിക്കാനായി 11.4 ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടവ് ഇനത്തിലും നാല് ലക്ഷം രൂപ ലാഭവിഹിതമായും പലപ്പോഴായി നല്‍കി.ആകെ 15.4 ലക്ഷം രൂപയാണ് നൽകിയത്. ബാക്കി തുക അടയ്ക്കാതെ പ്രതി പിന്നീട് വിദഗ്‌ധമായി മുങ്ങി. താൻ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പരാതിക്കാരൻ പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കെതിരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും സമാന കേസുകളുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടെ കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസാണ് സലാഹുദ്ദീനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.