തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസിന്റെ ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രതികരണം. പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിൽ വീഴ്ച്ച സംഭവിച്ചോ എന്ന പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.
അതേസമയം ആർഎസ്എസിന്റെ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തള്ളി കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും രംഗത്തെത്തി. വിവാദങ്ങൾ മൈൻഡ് ചെയ്യേണ്ടെന്നും തീവ്രവാദ ഗാനമല്ലല്ലോ ചൊല്ലിയത് എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങൾ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവർക്ക് അപ്പോൾ അതാണ് തോന്നിയത്, അത് അവർ ചെയ്‌തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഐഎം ശ്രമമാണ് ഗണഗീതം വിവാദമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. ഗാനത്തിൻ്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ലെന്നും ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്നും ജോർജ് കുര്യൻ പറഞ്ഞു. ആർഎസ്‌എസ് പാടുന്ന വന്ദേമാതരം പാർലമെൻ്റിൽ പാടുന്നില്ലേ? എന്നും ജോർജ് കുര്യൻ ചോദിച്ചു.
കുട്ടികൾ അത് പാടിയതിൽ തെറ്റില്ലെന്നും ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു. പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.