മുംബൈ: ഇന്ത്യൻ ക്ലബ് ഫുട്ബാളിനെ തീർത്തും അനിശ്ചിതത്വത്തിലാക്കി ഐ.എസ്.എൽ പ്രതിസന്ധി. കോടതിയും കേസും അവസാനിച്ചതോടെ, ഡിസംബറിൽ സീസൺ കിക്കോഫ് കുറിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ടൂർണമെന്റ് സംഘാടനത്തിന് വാണിജ്യ പങ്കാളികളകാൻ ആരും സന്നദ്ധത അറിയിച്ച് രംഗത്തു വരാതിരുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ആശങ്കയുടെ പന്തുരുളുന്നു.
സ്പോൺസർഷിപ്പിനുള്ള ടെൻഡർ സമയപരിധി വെള്ളിയാഴ്ച വൈകീട്ട് അവസാനിച്ചപ്പോൾ ഒരു കമ്പനി പോലും താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടില്ലെന്ന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) അറിയിച്ചു. വരും ദിവസം തന്നെ ബിഡ് കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കുമെന്ന് ഫെഡറേഷൻ അറിയിപ്പിലൂടെ വ്യക്തമാക്കി.
ടൂർണമെന്റ് നടത്തിപ്പിൽ സുപ്രധാനമായ സ്പോൺസർഷിപ്പിനും ആരും രംഗത്തു വരാതായതോടെ ഡിസംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഐ.എസ്.എൽ 12 സീസൺ ഭാവിയാണ് അനിശ്ചിതത്വത്തിലാവുന്നത്.
ഒക്ടോബർ 16നായിരുന്നു പ്രസിഡന്റ് കല്യാൺ ചൗബെയുടെ നേതൃത്വത്തിൽ സ്പോൺസർഷിപ് ബിഡ് നടപടികൾക്ക് തുടക്കം കുറിച്ചത്. ഒക്ടോബറിൽ നടന്ന പ്രീ ബിഡ് കോൺഫറൻസിൽ റിലയൻസിനു കീഴിലെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ), ഫാൻ കോഡ്, കൺസയന്റ് ഹെറിറ്റേജ് ഗ്രൂപ്പ്, ഒരു വിദേശ കൺസോർഷ്യം എന്നീ നാല് സംഘങ്ങൾ പങ്കെടുത്തുവെങ്കിലും ഇവരാരും ബിഡ് സമർപ്പിച്ചില്ല.
കഴിഞ്ഞ 11 സീസണിന്റെ നടത്തിപ്പ് ചുമതല വഹിച്ച എഫ്.എസ്.ഡി.എൽ മാസ്റ്റർ റൈറ്റ്റ് അഗ്രിമെന്റ് പ്രകാരമായിരുന്നു ടൂർണമെന്റ് നടത്തിയത്. ഗ്ലോബൽ കൺസൾട്ടൻസി കമ്പനിയായ കെ.പി.എം.ജി നേതൃത്വത്തിൽ തയ്യാറാക്കിയ എ.ഐ.എഫ്.എഫിന്റെ ബിഡ് നിബന്ധനകളാണ് വിലങ്ങു തടിയാകുന്നത്. വർഷം 37.5 കോടി രൂപ അല്ലെങ്കിൽ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം എ.ഐ.എഫ്.എഫിന് നൽകണമെന്ന വ്യവസ്ഥയാണ് കമ്പനികളുടെ പ്രധാന തടസ്സം. എന്നാൽ, പ്രതിവർഷം 200-300 കോടി വരെ നഷ്ടമുള്ള ഐ.എസ്.എലിന്റെ വിപണി സാധ്യതകൾ വിശകലനം ചെയ്യുമ്പോൾ ഫുട്ബാൾ ഫെഡറേഷന്റെ ആവശ്യം ഉൾകൊള്ളാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ഇന്ത്യൻ ഫുട്ബാളിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കും, അനിശ്ചിതത്വത്തിലേക്കും നയിക്കുന്നതാണ് ഐ.എസ്.എൽ ബിഡുമായി ബന്ധപ്പെട്ട് തുടരുന്ന പ്രതിസന്ധി. ദേശീയ ടീം ഏഷ്യൻ കപ്പ് യോഗ്യതയില്ലാതെ പുറത്താവുകയും, യോഗ്യതാ മത്സരങ്ങൾ അവസാനിക്കുകയും ചെയ്തതിനൊപ്പം ഐ ലീഗും വനിതാ ലീഗും ഉൾപ്പെടെ മത്സരങ്ങളും സ്പോൺസർഷിപ്പ് കരാറിനായി കാത്തിരിപ്പിലാണ്. ശക്തമായ സാമ്പത്തിക ഭദ്രതയുള്ള സ്പോൺസർഷിപ്പില്ലെങ്കിൽ നിലനിൽപിനെ തന്നെ ദോഷകരമായി ബാധിക്കും. ഗ്രാസ്റൂട്ട് ഫുട്ബാൾ ഡെവലപ്മെന്റ് പ്രോഗ്രാം, അകാദമി പ്രവർത്തനം, ദേശീയ ടീം പ്രവർത്തനം എന്നിവക്കും തിരിച്ചടിയാകും.
ടെൻഡർ വ്യവസ്ഥകൾ പരിഷ്‍കരിച്ചാൽ സന്നദ്ധത അറിയിച്ച സ്പോൺസർമാർ ബിഡ് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തികമായി ലാഭകരമല്ലാത്ത ടൂർണമെന്റിന്റെ നടത്തിപ്പ് തന്നെ നഷ്ടമാവുമ്പോൾ എ.ഐ.എഫ്.എഫ് സ്പോൺസർമാരിൽ നിന്നും ലാഭം കൊയ്യാൻ ശ്രമിക്കരുതെന്നും ആവശ്യമുയരുന്നു. 37.5 കോടി രൂപ നൽകണമെന്ന വ്യവസ്ഥ ഫെഡറേഷൻ ഭേദഗതി ചെയ്യണമെന്നാണ് പ്രധാന സമ്മർദം.