തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും അമൃത വിശ്വവിദ്യാപീഠം സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീനുമായ ഡോ. വി.പി. മഹാദേവന്‍ പിള്ള (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അന്ത്യം.
പത്തനംതിട്ട സ്വദേശിയായ അദ്ദേഹം തിരുവനന്തപുരം ഉള്ളൂരിലാണ് സ്ഥിരതാമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിലായിരിക്കും സംസ്‌കാരം.
കേരള സര്‍വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവിയും അപ്ലൈഡ് സയന്‍സ് ഫാക്കല്‍റ്റി ഡീനുമായിരിക്കെയാണ് 2018ല്‍ അദ്ദേഹത്തെ കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിതനാകുന്നത്.
കേരള സര്‍വകലാശാലയില്‍ നിന്ന് 1980ല്‍ ബിഎസ്സി, 1982ല്‍ എംഎസ്സി, 1992ല്‍ എം.ഫില്‍, 1996ല്‍ പിഎച്ച്ഡി എന്നിവ പൂര്‍ത്തിയാക്കിയ അദ്ദേഹം 1982 മുതല്‍ 2001 വരെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ലക്ചറര്‍ ആയി സേവനമനുഷ്ഠിച്ചു.
2001 മേയ് 17ന് കേരള സര്‍വകലാശാലയിലെ ഓപ്‌ടോ ഇലക്ട്രോണിക്‌സ് വകുപ്പില്‍ റീഡറായി ചേര്‍ന്നു. 2005 ജൂലൈ ഒന്നിന് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. 36 വര്‍ഷത്തെ അധ്യാപന പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അമൃത വിശ്വവിദ്യാപീഠം കോയമ്പത്തൂര്‍ ക്യാംപസില്‍ സ്‌ക്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് ഡീനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
റിട്ട. അഡീഷണല്‍ സെക്രട്ടറി എസ് ജയലക്ഷ്മിയാണ് ഭാര്യ. മക്കള്‍: എസ് അരുണ്‍കുമാര്‍, എസ് ആനന്ദ്കുമാര്‍.