ആലപ്പുഴ: ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ ചെറിയ മാറ്റം വരുത്തി. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനെത്തുടർന്നാണ് പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്.
ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത് കൂട്ടത്തോൽവിക്കു കാരണമായിരുന്നു. പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്.
മുൻപ് പരീക്ഷയ്ക്ക് 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്. ചോദ്യാവലിയിൽ മൂന്ന് സാധാരണ ചോദ്യങ്ങൾക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരം നൽകേണ്ടത് കാപ്ച അടിച്ചുനൽകിയാണ്. ഓരോ മൂന്നു ചോദ്യത്തിനുശേഷവും കാപ്ച നൽകേണ്ട ഉത്തരം വരും.
അതിനാൽ കംപ്യൂട്ടർ ടൈപ്പിങ്ങിൽ വലിയ വേഗത ഇല്ലാത്തവർക്കും പരിജ്ഞാനം ഇല്ലാത്തവർക്കും ധാരാളം സമയം വേണ്ടിവരും. ഒരു സാധാരണ ചോദ്യത്തിന് 30 സെക്കൻഡും കാപ്ച ഉത്തരമായി വരുന്ന ചോദ്യത്തിന് 45 സെക്കൻഡുമാണ് അനുവദിച്ചിരിക്കന്ന സമയം. അതിനാൽ പരീക്ഷ എഴുതുന്ന 80 ശതമാനം േപർക്കും അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കുന്നില്ല. ഇംഗ്ലീഷ് ചെറിയ അക്ഷരങ്ങളും വലിയ അക്ഷരങ്ങളും കൂടാതെ നമ്പരുകളും അടങ്ങുന്നതാണ് കാപ്ച.
30 ചോദ്യത്തിനും ഉത്തരം നൽകുന്നവർക്ക് ഒൻപത് കാപ്ച ഉത്തരം നൽകേണ്ടിവരും. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നൽകുമ്പോൾത്തന്നെ പരീക്ഷയിൽനിന്നു സമയം പൂർത്തിയായി പുറത്താകുന്ന അവസ്ഥയാണ്. പരാതി ഉയർന്നതിനെത്തുടർന്ന് മൊത്തം മൂന്നു കാപ്ച ചോദ്യം മാത്രമായി ചുരുക്കി.
ഇതോടെ പരീക്ഷ എഴുന്നവർക്ക് ആശ്വാസമായെങ്കിലും പരീക്ഷയെ പേടിച്ച് പലരും എഴുതാൻ മടിക്കുന്നുണ്ട്. സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും വട്ടംകറക്കുന്ന ചോദ്യമാണ് ഉള്ളതെന്നുമാണ് ഇപ്പോഴുള്ള ആക്ഷേപം.
നിലവിൽ ലേണേഴ്സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാൻ നാളുകൾ കാത്തിരിക്കണം. സമയം തീർന്ന് പരീക്ഷയിൽ തോറ്റാൽ വീണ്ടും പരീക്ഷ എഴുതണം. അതിനാൽ പരീക്ഷത്തീയതിക്കായി വീണ്ടും കാത്തിരിക്കണം.
ഇത് വിജയിച്ചാൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. ടെസ്റ്റ് തീയതിക്കായി മാസങ്ങൾ കാത്തിരിക്കേണ്ടതിനാൽ ജോലിക്കു പോകുന്നവരും വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്