കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ വീടിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്ത കേസില്‍ വഴിത്തിരിവ്. 14കാരനായ കുട്ടിയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തതെന്ന് പൊലീസ് കണ്ടെത്തി. ഓണ്‍ലൈന്‍ ഗെയിമില്‍ നിന്ന് ആവേശം കൊണ്ട കുട്ടി പിതാവിന്‍റെ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. നാലംഗസംഘം കാറില്‍ വന്ന് വെടിയുതിര്‍ത്തെന്നാണ് കുട്ടി നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വ്യാപകമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേട് തോന്നിയതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്.
ഉപ്പള ഹിദായത്ത് നഗറില്‍ പ്രവാസിയായ അബുബക്കറിന്‍റെ വീട്ടിലാണ് ശനിയാഴ്ച വെടിവയ്പ്പുണ്ടായത്. ജനല്‍ ചില്ല് തകര്‍ന്നിരുന്നു. സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളെയടക്കം പൊലീസ് സംശയിക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.