കൊച്ചി: മൂന്നു ദിവസം അനങ്ങാതെ നിന്ന സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 90,360 രൂപയായി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,295 രൂപയിലെത്തി. നവംബറിലെ ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര വിലയിലുണ്ടായ വലിയ വര്‍ധനയാണ് കേരളത്തിലും വില ഉയര്‍ത്തിയത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 1.28 ശതമാനം ഉയര്‍ന്ന് 4,053 ഡോളറിലെത്തി. പത്ത് ദിവസത്തെ പുതിയ ഉയരത്തിലാണ് രാജ്യാന്തര വിലയുള്ളത്.
ഡിസംബറിൽ വീണ്ടും ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആഗോള വളർച്ചാ ആശങ്കകളുമാണ് സ്വര്‍ണ വില തിരികെ കയറാന്‍ കാരണം. ദുർബലമായ സാമ്പത്തിക ഡേറ്റകള്‍ തിങ്കളാഴ്ച സ്വർണ വിലയ്ക്ക് കരുത്തായി. കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം സർക്കാർ, റീട്ടെയിൽ മേഖലകളിലെ തൊഴിൽ നഷ്ടങ്ങളുണ്ടായി. ബിസിനസുകള്‍ ചെലവ് ചുരുക്കുകയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം പിരിച്ചുവിടലുകളുടെ എണ്ണത്തിൽ വർധനവുണ്ടായതും തിരിച്ചടിയായി.
യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയത്തെ പറ്റിയുള്ള വ്യക്തതയ്ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഫെഡ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ സ്വര്‍ണ വിലയുടെ മുന്നോട്ടുള്ള കയറ്റിറക്കള്‍ക്ക് കാരണമാകും. പണപ്പെരുപ്പ കണക്കുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ സ്വര്‍ണ വിലയില്‍ ഏകീകരണമോ തിരുത്തലോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണാണ് വിദഗ്ധരുടെ നിഗമനം.
താരിഫുകളെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതി വാദം, ഫെഡ് ഉദ്യോഗസ്ഥരുടെ പ്രസംഗങ്ങൾ, ചൈനീസ് ഡാറ്റ എന്നിവ പ്രധാനമാണെന്ന് ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ ഇബിജി - കമ്മോഡിറ്റി ആന്‍ഡ് കറൻസി റിസർച്ചിന്‍റെ വൈസ് പ്രസിഡന്‍റ് പ്രണവ് മെർ പറഞ്ഞു. അതേസമയം, യു.എസിലെ ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെയും എതിർപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെയും സെനറ്റർമാർ തമ്മിലെ ചർച്ചയിൽ തീരുമാനമായി. ഫണ്ടിങ് ബിൽ സെനറ്റിൽ ചില നിബന്ധനകളോടെ പാസാവുകയും ചെയ്തു. ഇത് സ്വർണവിലയിൽ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.
രാജ്യാന്തര വില 4390 ഡോളറിലെത്തിയ ശേഷം 10 ശതമാനം വരെ ഇടിഞ്ഞിരുന്നു. എങ്കിലും ഈ വര്‍ഷം ഇതുവരെ ഉണ്ടാക്കിയ മുന്നേറ്റം 50 ശതമാനമാണ്. 1979 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്.