തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം ചൂടുപിടിക്കുമ്പോൾ സ്ഥാനാർഥികളും പാർട്ടികളും പൊടിപൊടിക്കുന്ന പണത്തിന് കൈയും കണക്കുമുണ്ടാവില്ല. എന്നാൽ, അങ്ങനെ തോന്നിയത് പോലെ പണം ചെലവഴിച്ച് പ്രചാരണം നടത്താൻ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെന്നാണ് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ വ്യക്തമാക്കുന്നത്.
ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയാണെന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണർ എ. ഷാജഹാൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാർത്ഥികൾക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 1,50,000 രൂപയുമാണ് പരിധി.
വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാൽ 30 ദിവസത്തിനകം സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകിയിരിക്കണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാർത്ഥികളെ ഉത്തരവ് തീയതി മുതൽ അഞ്ച് വർഷക്കാലത്തേക്ക് കമ്മീഷൻ അയോഗ്യരാക്കും.
എത്ര തുക കെട്ടിവെക്കണം?
സ്ഥാനാർത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തിൽ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും