പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം വർഷവും വിജയകിരീടം ചൂടി മലപ്പുറം ജില്ല. കഴിഞ്ഞ 4 ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ 1548 പോയിന്റ് നേടിയാണ് മലപ്പുറം ഹാട്രിക്ക് അടിച്ചത്. 1487 പോയിന്റോടെ ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനം നേടി. പാലക്കാടും കണ്ണൂരും 1487 പോയിന്റോടെ ഒപ്പത്തിനൊപ്പം എത്തിയെങ്കിലും പാലക്കാടിന് കൂടുതൽ ഒന്നാം സ്ഥാനം ഉള്ളതിനാൽ രണ്ടാം സ്ഥാനത്തിന് അർഹരാവുകയായിരുന്നു. കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. ശാസ്ത്രമേളയിൽ തൃശൂർ, ഗണിത മേളയിൽ മലപ്പുറം, സാമൂഹ്യ ശാസ്ത്രമേളയിൽ കോഴിക്കോട്, ഐ.ടി മേളയിൽ തിരുവനന്തപുരം എന്നീ ജില്ലകൾ ചാമ്പ്യന്മാരായി. സ്കൂളുകളിൽ വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് 164 പോയന്റുമായി ഓവറോൾ ചാമ്പ്യന്മാരായി.140 പോയന്റുള്ള കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസ് രണ്ടാമതും 135 പോയന്റോടെ ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.