കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ - 9 സ്ക്വാഡും പരിശോധന നടത്തി.
അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.