പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ. ജിതിൻരാജിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തു. പുൽപ്പള്ളി ആനപ്പാറ തയ്യിൽ അമൽ ചാക്കോ (30), പെരിക്കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പി.ആർ. രാജീവ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിന് ശേഷം സത്യമംഗലത്തും പിന്നീട് ബെംഗളൂരുവിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വ്യാഴാഴ്‌ച രാവിലെ വടാനക്കവലയിൽ നിന്നാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും, സംഘം ചേർന്ന് ആക്രമിച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോ. ജിതിൻരാജിനെ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഡോക്ടറുടെ ഇടതുകൈയിലെ ചെറുവിരലിന് സാരമായി പരിക്കേറ്റിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകളും മറ്റും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.