രാജ്‌കോട്ട്: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം. 4 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 286 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 49.3 ഓവറില്‍ 290 അടിച്ച് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്.
ഋതുരാജ് ഗെയ്ക്‌വാദ് നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് ടീം ജയിച്ചു കയറിയത്. താരം 129 പന്തില്‍ 12 ഫോറുകള്‍ സഹിതം 117 റണ്‍സെടുത്തു.
അഭിഷേക് ശര്‍മ 25 പന്തില്‍ 31 റണ്‍സെടുത്തു. ക്യാപ്റ്റന്‍ തിലക് വര്‍മ 39 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 37 റണ്‍സും കണ്ടെത്തി. ജയം സ്വന്തമാക്കുമ്പോള്‍ 29 റണ്‍സുമായി നിഷാന്ത് സന്ധു പുറത്താകാതെ ക്രീസില്‍ നി്‌നു. ഒപ്പം 6 റണ്‍സുമായി ഹര്‍ഷിത് റാണയും.
ടോസ് നേടി പ്രോട്ടീസ് എ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക 16 റണ്‍സിനിടെ നാല് വിക്കറ്റും 53 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായി വന്‍ തകര്‍ച്ച മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ മധ്യനിരയും വാലറ്റവും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു.
90 റണ്‍സെടുത്ത ഡെലാനോ പോട്‌ഗെയ്റ്ററാണ് ടോപ് സ്‌കോറര്‍. ആറാമനായി എത്തിയ ഡിയാന്‍ ഫോറസ്റ്റര്‍ (77), 59 റണ്‍സെടുത്ത ബോന്‍ ഫോര്‍ട്യുന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനെ 285ല്‍ എത്തിച്ചത്.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.