കൊല്‍ക്കത്ത: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വേദിയാകും. രാവിലെ 9.30 മുതലാണ് മത്സരം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്.
നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ ദക്ഷിണാഫ്രിക്കയെ തകര്‍ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരുത്തരുടെ സംഘമാണ് ദക്ഷിണാഫ്രിക്ക. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരങ്ങള്‍ സൗത്താഫ്രിക്കയ്‌ക്കൊപ്പമുണ്ട്.
കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നീ 3 വിക്കറ്റ് കീപ്പര്‍മാരുമായാണ് ടീം ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം ജുറേലിനെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതായി സഹപരിശീലകന്‍ റയന്‍ ടെന്‍ ഡെസ്‌കാറ്റെ പറഞ്ഞു. ടീമിന്റെ സ്ഥിരം ഓപ്പണറായ കെ.എല്‍.രാഹുലും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതോടെ ജുറേലിന് അവസരം ലഭിക്കില്ലെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ മിന്നും ഫോമില്‍ തിളങ്ങിയതോടെ ഇരുപത്തിനാലുകാരന്‍ താരത്തെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. മധ്യനിര ബാറ്ററുടെ റോളിലാകും ജുറേല്‍ കളിക്കുക. 2016ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ പാര്‍ഥിവ് പട്ടേല്‍, വൃദ്ധിമാന്‍ സാഹ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിക്കുമൂലം അവസാന നിമിഷം സാഹയെ ഒഴിവാക്കിയിരുന്നു.