തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യാത്ത എന്യൂമറേഷന്‍ ഫോമുകളും വിതരണം ചെയ്തു എന്ന് ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന വാര്‍ത്തയില്‍ നടപടിയെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. വിഷയം അന്വേഷിക്കാന്‍ ഇന്ന് ഉച്ചയ്ക്ക് എല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കാന്‍ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി ബി.എല്‍.ഓ മാര്‍ക്ക് വിതരണം ചെയ്യാത്ത ഫോമുകളും വിതരണം ചെയ്തതായി ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചത്. എസ്.ഐ.ആര്‍ ന്യൂമറേഷന്‍ ഫോം വിതരണം സംസ്ഥാനത്ത് പൂര്‍ത്തിയായി എന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു അധികൃതരുടെ ശ്രമം.
രാജ്യത്ത് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്.ഐ.ആറിലെ എന്യുമറേഷന്‍ ഫോം വിതരണത്തില്‍ ഏറ്റവും പിന്നിലാണ് കേരളം. ഇത് മറികടക്കുന്നതിനായി എന്യുമറേഷന്‍ ഫോം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാതെ തന്നെ ചെയ്തതായി ആപ്പില്‍ രേഖപ്പെടുത്താനാണ് ബി.എല്‍.ഒമാര്‍ക്ക് ഇന്നലെ ലഭിച്ച നിര്‍ദേശം. ഫോം പിന്നീട് വിതരണം ചെയ്താല്‍ മതിയെന്നും ഇപ്പോള്‍ ആപ്പില്‍ വിതരണം ചെയ്തതായി രേഖപ്പെടുത്താനുമാണ് നിര്‍ദേശം. ഇതോടെ വോട്ടര്‍മാര്‍ക്ക് ലഭിക്കേണ്ട എന്യുമറേഷന്‍ ഫോം ലഭിക്കാതെ വരും.
2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 2,78,50,855 വോട്ടര്‍മാര്‍ക്കാണ് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യേണ്ടുന്നത്. ഇതിനായി 24,468 ഉദ്യോഗസ്ഥരെയാണ് ബി.എല്‍.ഒമാരായി നിയോഗിച്ചിരിക്കുന്നത്.
വിതരണം ചെയ്ത ഫോമുകള്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച ശേഷം ബി.എല്‍.ഒമാര്‍ തിരികെ വാങ്ങി പരിശോധിച്ച ശേഷം ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് അനുസരിച്ചാണ് അടുത്തമാസം ഒമ്പതിന് കരട് പട്ടിക പുറത്തിറക്കുക. ഫോം തിരികെ നല്‍കാത്തവരും ബി.എല്‍.ഒമാര്‍ ഫോം വിതരണം ചെയ്യാത്തവരും പട്ടികയില്‍ നിന്നും പുറത്താകും. വിതരണം ചെയ്യുന്ന എന്യൂമറേഷന്‍ ഫോമുകളുടെ എണ്ണം ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നവയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നില്ല. ഇതിനെ ആശ്രയിച്ചാകും കരട് പട്ടികയില്‍ നിന്നും പുറത്താകുന്നവരുടെ എണ്ണം.
ഇതിന് പുറമെ ബി.എല്‍.ഒമാര്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എന്യുമറേഷന്‍ ഫോമുകള്‍ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയോ തിരികെ ലഭിക്കുന്ന ഫോമുകളില്‍ കൃത്രിമം കാണിച്ചാലോ കരട് പട്ടികയില്‍ നിന്നും വോട്ടര്‍മാര്‍ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് കരട് പട്ടിക വന്ന ശേഷം പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും.