തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമല വെള്ളിയാഴ്ച ശിവസേന(യുടിബി)യില്‍ അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജിയില്‍ നിന്നാണ് അംഗത്വമെടുത്തത്. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാനും ആനന്ദ് തീരുമാനിച്ചിരുന്നു.
അതേസമയം, ആനന്ദ് തിരുമലയുടെ മരണത്തില്‍ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പെഴുതിവെച്ചായിരുന്നു തിരുമല സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരം വാര്‍ഡിലെ സീറ്റ് നിര്‍ണയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. തൃക്കണ്ണാപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് കാരണം വാര്‍ഡില്‍ മണ്ണ് മാഫിയയുമായി ബന്ധമുള്ളയാളെ നിര്‍ത്തിയതാണെന്ന് ആനന്ദ് പറയുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താല്‍പര്യം താന്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യകര്‍ത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോള്‍ തൃക്കണ്ണാപുരം വാര്‍ഡില്‍ തനിക്ക് ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് വലിയ രീതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും തന്നില്‍ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു ആനന്ദ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.