തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ സർവീസിൽ നിന്ന് പുറത്താക്കാൻ നിർദേശം. ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇയാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നിർദേശം നൽകികൊണ്ട് പ്രസ്താവന പുറപ്പെടുവിച്ചത്.
തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാർത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ ചേർത്താണ് 40 വർഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
ലോക്കൽ പൊലിസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവയുടെ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിധി. ഡിവൈഎസ്പി ടി.കെ. രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകൾ കേസിന് നിർണായകമായി. വിധി പ്രോസിക്യൂഷന് ആശ്വാസമായി. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.