തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭ പനയ്ക്കോട്ടല വാർഡിൽ സ്ഥാനാർഥിയാക്കാത്തതിനാലാണ് ആത്മഹത്യാശ്രമം. ഈ വാർഡിൽ ബിജെപി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക ബിജെപി നേതാവാണ് ശാലിനി.
ഇന്നലെ സീറ്റ് നൽകാത്തതിൽ മനംനൊന്ത് മറ്റൊരു പ്രവർത്തകൻ ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം തിരുമല സ്വദേശി ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ ആത്മഹത്യാക്കുറിപ്പ്. പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്ന ഇയാൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിജെപിയെ പ്രതിരോധത്തിലാക്കി മൂന്ന് ആത്മഹത്യകളാണ് നടന്നത്. പുറത്തുവന്ന മൂന്ന് ആത്മഹത്യ കുറിപ്പുകളും ആർഎസ്എസ്, ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത അനന്തു അജി, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ തിരുമല അനിൽ, തിരുവനന്തപുരത്തെ തന്നെ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ ആനന്ദ് തമ്പി ഇവരുടെ ആത്മഹത്യകളും മരണങ്ങളുടെ കാരണങ്ങൾ പറയുന്ന കുറിപ്പുകളുമാണ് ബിജെപി,ആർഎസ്എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.