മലപ്പുറം: നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ വരൻ അറസ്‌റ്റിലായി. ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്‌റ്റിലായത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു മാസമായതേയുള്ളൂ. ഒക്‌ടോബർ 27 ന് രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തു വയ്‌ക്കാൻ താമസിച്ചെന്നു പറഞ്ഞ് യുവതിയെ ചുമരിൽ തലയിടിപ്പിച്ചും മുഖത്തും കഴുത്തിലും അടിച്ചും പരുക്കേൽപ്പിച്ചതായും പരാതിയുണ്ട്.
ഭർതൃവീട്ടിൽ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി പരാതിക്കാരി പൊലീസിനോട് പറഞ്ഞു.വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ 15 പവനോളം വരുന്ന സ്വർണാഭരണങ്ങൾ യുവാവ് സ്വന്തം ആവശ്യത്തിന് എടുത്ത് ചെലവഴിച്ചതായും പൊലീസ് പറഞ്ഞു.
ഇതേത്തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതി ജിംനേഷ്യം പരിശീലകനാണ്.