വളാഞ്ചേരി: ഓണിയപാലത്തിന് സമീപം ഇന്ന് രാവിലെ ഏകദേശം 7 മണിയോടെ ഉണ്ടായ അപകടത്തിൽ സ്കൂൾ ബസ്സും അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന പിക്കപ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പിക്കപ് ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്‌സിംഗ് യന്ത്രം കെട്ടിവലിച്ചിരുന്നതും, അതിനകം നിരവധി അതിഥി തൊഴിലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നതുമാണ് അപകടത്തെ കൂടുതൽ ഗുരുതരമാക്കിയത്.
അപകടത്തിൽ പരിക്ക് പറ്റിയ എട്ടോളം പേരെ നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ ബസ്സിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നെങ്കിലും, സംഭവസമയത്ത് ബസ്സിൽ വളരെ കുറച്ച് കുട്ടികൾ മാത്രമുണ്ടായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
പിക്കപ് ലോറി ഇടിയുടെ ആഘാതത്തിൽ റോഡിൽ മറിഞ്ഞു. അതിഥി തൊഴിലാളികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവാണ്, ഇത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം.
പരിക്ക് പറ്റിയവരെ വളാഞ്ചേരി–കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ഒരു ലൈൻ ബസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെന്നതും ശ്രദ്ധേയമാണ്.
വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിലെ നിയന്ത്രണലംഘനങ്ങളും തൊഴിലാളികളെ അനധികൃതമായി ഇറക്കി കയറ്റുന്ന രീതികളും പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു