തിരുവനന്തപുരം:ജോലിഭാരം മൂലം ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ വരുന്നതിനിടെ അവര്‍ക്ക് പണി നല്‍കി മതിയായിട്ടില്ലെന്ന സൂചനകളും വരുന്നുണ്ട്. ഫോം വിതരണവും തിരികെ വാങ്ങലും മാത്രമല്ല, ശേഖരിച്ച ഫോമുകളിലെ വിവരങ്ങള്‍ മൊബൈല്‍ ആപ് വഴി അപ്‌ലോഡ് ചെയ്യുന്ന പണി കൂടി അവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്യുമറേഷന്‍ ഫോമിലെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നും രേഖകളും ഫോട്ടോകളും മൊബൈലില്‍ സ്‌കാന്‍ ചെയ്യണമെന്നുമുള്ള നിര്‍ദേശം കൂടിയെത്തിയതോടെ മിക്ക ബി.എല്‍.ഒമാരും പ്രതിസന്ധിയിലായിരിക്കുകയാണ്.
സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതും ഫോണില്‍ അതിനുള്ള സൗകര്യം ലഭ്യമല്ലാത്തതും ബി.എല്‍.ഒമാര്‍ പരാതിയായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഈ പരാതികള്‍ മറികടക്കുന്നതിന് പുതിയ ബി.എല്‍.ഒമാര്‍ക്ക് വീണ്ടും പരിശീലനം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന് പരിചയസമ്പന്നരായ ബി.എല്‍.ഒമാരെയാണ് നിയോഗിക്കുക.
പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഓരോ നിയമസഭ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത ഒരു ബി.എല്‍.ഒക്കാണ് കലക്ടറുടെ നേതൃത്വത്തില്‍ ഡേറ്റ എന്‍ട്രി നടപടികളില്‍ പരിശീലനം നല്‍കുന്നത്. ഇവര്‍ മറ്റുള്ള ബി.എല്‍.ഒമാര്‍ക്ക് പരിശീലനം നല്‍കണം.
എന്നാല്‍, നിലവില്‍ ഡ്യൂട്ടിയിലുള്ള ബി.എല്‍.ഒമാരെ തന്നെ മറ്റു ബി.എല്‍.ഒമാര്‍ക്ക് പരിശീലനം നല്‍കാന്‍ നിയോഗിക്കുന്നത് ഇരുകൂട്ടരുടെയും സമയം നഷ്ടപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വോട്ടര്‍മാര്‍ ഫോട്ടോ നല്‍കിയാല്‍ അതും ശേഷം ഫോം ഒന്നാകെയും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഒരു വോട്ടറുടെ ഫോം അപ്‌ലോഡ് ചെയ്യാന്‍ ചുരുങ്ങിയത് 10 മിനിറ്റ് വേണം. 1200 പേരുള്ള ഒരു വാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യാന്‍ വേണ്ടത് 200 മണിക്കൂര്‍. ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ എട്ടുദിവസം ചെലവഴിച്ചാലാണ് അപ്‌ലോഡിങ് പൂര്‍ത്തിയാക്കാനാവുകയെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്നൊരുക്കങ്ങളിലെ വീഴ്ച: എസ്.ഐ.ആര്‍ പാളുന്നു
സംസ്ഥാനത്ത് നടക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) പാളുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മുന്നൊരുക്കങ്ങളില്‍ വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചെങ്കിലും സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഇത് നടത്താനായില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ചുകൊണ്ട് കേരളത്തില്‍ എസ്.ഐ.ആര്‍ ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വെട്ടിലായി.
നിലവിലുണ്ടായിരുന്ന ബി.എല്‍.ഒമാര്‍ക്ക് പുറമേ ആറായിരത്തോളം ബി.എല്‍.ഒമാരെ പുതുതായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒഴിവാക്കപ്പെടുന്ന ബി.എല്‍.ഒമാര്‍ക്ക് പകരം പുതുതായി ചുമതല നല്‍കുന്നവര്‍ക്കും കൃത്യമായ പരിശീലനം നല്‍കാന്‍ ജില്ലാതലത്തില്‍ നടപടി ഉണ്ടായില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആക്ഷേപം.
എന്യുമറേഷന്‍ ഫോം വിതരണം ചെയ്തതിനപ്പുറം വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പല ബി.എല്‍.ഒമാര്‍ക്കും കഴിയാത്ത സ്ഥിതിയാണ്.
പുതിയ സാഹചര്യത്തില്‍ അടുത്തമാസം നാലിനു മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം നടപ്പാക്കാനാകില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബി.എല്‍.ഒമാരില്‍ സമ്മര്‍ദം ചെലുത്തി നടപടികള്‍ പൂര്‍ത്തിയായെന്ന് വരുത്തിത്തീര്‍ത്താല്‍ യഥാര്‍ഥ വോട്ടര്‍മാര്‍ പലരും പട്ടികയ്ക്ക് പുറത്താകുന്ന സ്ഥിതിയുമുണ്ടാകും.
തീയതി നീട്ടുകയാണ് ഇതിന് പോംവഴിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് തയാറാകാത്ത സാഹചര്യത്തില്‍ എസ്.ഐ.ആറിന്റെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യംചെയ്യപ്പെടുകയാണ്.