കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിക്കുകയും തുടർന്ന് ഡോക്ടർക്കെതിരെ വ്യാജപരാതി നൽകുകയും ചെയ്ത യുവതിയും, ഡോക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി യുവതിയെ ഫോണിൽ ശല്യംചെയ്ത യുവാവും അറസ്റ്റിൽ. കുരുവട്ടൂർ സ്വദേശിയായ 39-കാരിയായ യുവതിയെയും, ഡോക്ടറെന്ന് വ്യാജേന ആൾമാറാട്ടം നടത്തിയ കുന്ദമംഗലം മൈലംപറമ്പിൽ മുഹമ്മദ് നൗഷാദിനെയുമാണ് (27) മെഡിക്കൽ കോളേജ് പൊലിസ് പിടികൂടിയത്.
തെറ്റിദ്ധാരണയിൽ മർദനം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒമ്പതാം വാർഡിൽവെച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ യുവതി മർദിച്ചത്. ഡോക്ടർ വാട്ട്സ്ആപ്പിലൂടെ നിരന്തരം ശല്യംചെയ്യുകയാണെന്ന് ആരോപിച്ചാണ് യുവതി വാർഡിലെത്തി ഡോക്ടറെ ആക്രമിച്ചത്.
സംഭവത്തിൽ ഡോക്ടർ പൊലിസിൽ പരാതി നൽകി. പൊലിസ് യുവതിക്കായി അന്വേഷണം നടത്തുന്നതിനിടെ, ഇതേ ഡോക്ടർക്കെതിരെ യുവതി ചേവായൂർ പൊലിസിൽ വ്യാജപരാതി നൽകി. ഡോക്ടർ വാട്ട്സ്ആപ്പിലൂടെ ശല്യപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ യഥാർഥ ചിത്രം വ്യക്തമായത്. ഡോക്ടറെന്ന വ്യാജേന വാട്ട്സ്ആപ്പിൽ ശല്യപ്പെടുത്തിയത് കുന്ദമംഗലം സ്വദേശിയായ നൗഷാദാണെന്മ്പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഡോക്ടറെ മർദിച്ചതിന് യുവതിയെയും ആൾമാറാട്ടം നടത്തി ശല്യംചെയ്തതിന് നൗഷാദിനെയും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നൗഷാദിന്റെ തട്ടിപ്പ്
കഴിഞ്ഞ ഏപ്രിലിൽ യുവതി രോഗിയായ പിതാവിനൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിക്കാരനായ ഡോക്ടറാണ് യുവതിയുടെ പിതാവിനെ ചികിത്സിച്ചത്. ഈ വാർഡിൽ സുഹൃത്തിന് കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു.
ഈ സമയം നൗഷാദ് യുവതിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി. ആശുപത്രി വിട്ടശേഷം പുതിയ സിംകാർഡ് ഉപയോഗിച്ച്, പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഇയാൾ യുവതിക്ക് സന്ദേശങ്ങൾ അയച്ചുതുടങ്ങി. തുടർന്ന് നിരന്തരമായി വാട്ട്സ്ആപ്പിൽ ശല്യപ്പെടുത്തി.
വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നത് യഥാർഥ ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി ഇത് ചോദ്യംചെയ്യാനായി ആശുപത്രിയിലെത്തിയത്. തുടർന്നാണ് വാർഡിൽവെച്ച് ഡോക്ടറെ മർദിച്ചത്. ഇതിനുപിന്നാലെയാണ് ഡോക്ടർക്കെതിരെ വ്യാജപരാതിയും നൽകിയത്.