തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ് സംഘടന. ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി.
'തൃശൂര്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ രണ്ട് തടവുകാര്‍ ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിച്ചു എന്ന വാര്‍ത്ത കണ്ട് അതില്‍ പറയുന്ന തടവുകാരില്‍ ഒരാള്‍ എന്റെ കക്ഷി കൂടിയായ മനോജ് ആണെന്ന് മനസ്സിലായി. ഈ വാര്‍ത്തയുടെ നിജസ്ഥിതി മനസ്സിലാക്കാനായി ഞാന്‍ ജസ്റ്റിസ് ഫോര്‍ പ്രിസണേര്‍സ് എന്ന സംഘടനയുടെ ഒരു പ്രവര്‍ത്തകനൊപ്പം വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ പോയിരുന്നു. മനോജ് നിലവില്‍ ആ ജയിലില്‍ ഇല്ല എന്ന വിവരമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് സൂപ്രണ്ടിനെ സമീപിച്ചപ്പോള്‍ മനോജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി അറിയിച്ചു.